കോട്ടയം: ഓണക്കാലത്തെ പൂഴ്ത്തിവയ്പും വിലക്കയറ്റവും തടയാന്‍ ജില്ലയിലെ വിപണികളില്‍ പരിശോധനകള്‍ തുടങ്ങി. ജില്ലാ, താലൂക്ക് സപ്ലൈ, സിറ്റി റേഷനിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ റവന്യൂ, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ, താലൂക്കുതലങ്ങളില്‍ രൂപീകരിച്ചിരിക്കുന്ന പ്രത്യേക സ്ക്വാഡാണ് പരിശോധന നടത്തുന്നത്.
ഇവര്‍ മിന്നല്‍ പരിശോധനയുമായി ജില്ലയിലുടെ വിവിധ മേഖലകളിലുണ്ട്. ഓണക്കാലത്ത് മൊത്ത, ചില്ലറ വില്പനശാലകളിലെ സ്റ്റോക്കും വിലയും നിരീക്ഷിച്ച് അസ്വാഭാവിക വിലവര്ധനയുണ്ടോയെന്നു പരിശോധിക്കാനാണു സ്ക്വാഡ് രംഗത്തിറങ്ങിയിരിക്കുന്നത്. വിപണിയില്‍ അരി, പച്ചക്കറി, പഞ്ചസാര ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അരിമില്ലുകളിലും പരിശോധന നടത്തുന്നത്.
ജില്ലയിലെ കടകളില്‍ ഗുണനിലവാരമില്ലാത്തതോ മായം കലര്‍ന്നതോ ആയ അരി, ഭക്ഷ്യ ധാന്യങ്ങള്‍, പച്ചക്കറികള്‍, മറ്റ് ഭക്ഷ്യ ഉത്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കും. അളവുതൂക്കം കൃത്യമാണോയെന്നും ഉപയോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നുണ്ടോയെന്നും ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരാണ് പരിശോധിക്കുന്നത്.
അരി, പലചരക്ക് സ്റ്റോക്ക് രജിസ്റ്ററുകള്‍ പരിശോധിച്ചു സ്റ്റോക്ക് സമയത്തെ പര്‍ച്ചേസ് ബില്‍പ്രകാരമുള്ള വിലപ്രകാരമാണ് വ്യാപാരികള്‍ വില്‍ക്കുന്നതെന്ന് സ്ക്വാഡ് അംഗങ്ങള്‍ ഉറപ്പുവരുത്തും.
പിന്നീട് എത്തിച്ചേര്‍ന്ന സ്റ്റോക്ക് മാത്രമേ പുതുക്കിയ വിലയ്ക്ക് വില്‍ക്കാവൂവെന്നും വ്യാപാരികൾക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചില്ലറ വ്യാപാരികള്‍ വാങ്ങല്‍-വില്പന ബില്‍, ഇന്‍വോയ്സ് സൂക്ഷിക്കുന്നുണ്ടെന്നും വിലവിവരപ്പട്ടിക വ്യക്തമായി പ്രദര്‍ശിപ്പിച്ച് കൂടുതല്‍ ഈടാക്കുന്നില്ലെന്നും ഉറപ്പാക്കും.
ബില്ല്, ഇന്‍വോയ്സ് നല്‍കാതെ വില്പന നടത്താന്‍ അനുവദിക്കില്ല. അനാവശ്യ വിലവര്‍ധന, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കാനാണ് സ്ക്വാഡിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം.
സ്ക്വാഡ് ദിവസവും നടത്തിയ പരിശോധനകളും കണ്ടെത്തിയ ക്രമക്കേടുകളും സ്വീകരിച്ച നടപടികളും സംബന്ധിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ ഷീറ്റ് വഴി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കരിഞ്ചന്ത, പൂഴ്ത്തിവയ്പ് അടക്കമുള്ള ഗുരുതര ക്രമക്കേടുകള്‍ രേഖകള്‍ സഹിതം പോലീസിനു കൈമാറി നടപടി സ്വീകരിക്കും. 25 വരെയാണ് സ്ക്വാഡ് പരിശോധന നടത്തുന്നത്.